പാറശ്ശാല : പാറശ്ശാലയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പതിനാലുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. പാറശാല പവതിയാൻവിള ആശാരിവിള വീട്ടിൽ അരുൺകുമാറിന്റെയും ഷിബയുടെയും മകൻ അഭിനവാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു ദാരുണമായ സംഭവം. ചെങ്കൽ തോട്ടിൻകരയ്ക്ക് സമീപമുള്ള മണ്ഡപത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി.

വിവാഹവേദിയിലെ വൈദ്യുതി അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന സീരിയൽ ലൈറ്റിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. വെള്ളത്തിൽ കിടന്നിരുന്ന സീരിയൽ ലൈറ്റിന്റെ വയറിൽ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്.

ഉടൻതന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാറശാല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. അഭിനയയാണ് സഹോദരി.

സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു