പാറശാല : മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ ബൈക്കോടെ തോട്ടിലേക്ക് ചവിട്ടിയിട്ട് ധീരയായ വയോധിക! പ്രതി പിടിയിൽ
പാറശാല പരശുവയ്ക്കലിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു.സംഭവം.
സംഭവത്തിൽ പാറശാല ആറയൂർ പൊറ്റ സ്വദേശിയായ വിജയദാസിനെ നാട്ടുകാർ പിടികൂടി പാറശാല പൊലീസിൽ ഏൽപ്പിച്ചു.
പരശുവയ്ക്കലിൽ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പ്രസന്നകുമാരി എന്ന വയോധികയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.
റോഡരികിലെ തോടിന് സമീപം ബൈക്ക് നിർത്തിയിട്ട്, ഫോണിൽ സംസാരിക്കുന്നതായി നടിച്ച് നിൽക്കുകയായിരുന്നു പ്രതിയായ വിജയദാസ്. പ്രസന്നകുമാരി ബൈക്കിന് സമീപമെത്തിയ തക്കം നോക്കി ഇയാൾ ഇവരുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ഉടൻതന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്രസന്നകുമാരി ധീരമായി ചെറുത്തു. ബൈക്ക് മുന്നോട്ട് എടുക്കുന്നതിനിടെ പ്രസന്നകുമാരി ബൈക്കിനെ സമീപത്തെ തോട്ടിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു.
ബൈക്കോടെ പ്രതി തോട്ടിലേക്ക് വീണതിന് പിന്നാലെ ഇവർ ഉറക്കെ നിലവിളിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തോട്ടിൽ വീണ പ്രതിയെ പിടിച്ച് പാറശാല പൊലീസിന് കൈമാറുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട മാല പ്രസന്നകുമാരിക്ക് തിരികെ ലഭിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയായ വിജയദാസിന് മറ്റ് മോഷണ കേസുകളിലോ ക്രിമിനൽ പശ്ചാത്തലങ്ങളിലോ പങ്കുണ്ടോ എന്ന് പാറശാല പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.